തിരുവനന്തപുരം: കേരളത്തിന്‍റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെന്നു സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിൽ വിലയിരുത്തൽ. ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണം.
സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്‍റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനു ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്നു റിപ്പോർട്ട് പറയുന്നു.
പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:
•കേരളത്തിന്‍റെ ആകെ കടബാധ്യത ₹ 5.07 ലക്ഷം കോടി.
•സംസ്ഥാന വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു.
• വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് (Capital Expenditure) രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.
• ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025ൽ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.
• സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശികകൾ ഉൾപ്പെടെ ₹48,733 കോടിയുടെ കുടിശിക ബാധ്യത പുതിയ സർക്കാർ ഏറ്റെടുക്കുന്നു.
•KIIFB-യ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്‍റെ കടങ്ങൾ യഥാർഥത്തിൽ സംസ്ഥാനത്തിന്‍റെ കടങ്ങളാണ്.
• കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിനു കാരണം.
• പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു.
•സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദം പെരുകി.